അതിരുകൾ തേടി….
മകൾ ഫോണിൽ അവളുടെ കൂട്ടുകാരിയോട് സംസാരിക്കുന്നത് ഞാൻ മുറിക്ക് പുറത്തുനിന്ന് കേൾക്കുകയായിരുന്നു. "എനിക്ക് ഇപ്പോൾ വരാൻ കഴിയില്ലെടാ, ഞാൻ എന്റെ പെയിന്റിംഗ് പൂർത്തിയാക്കുകയാണ്. നമുക്ക് നാളെ കാണാം," യാതൊരുവിധ കുറ്റബോധവുമില്ലാതെ, വളരെ ശാന്തമായി അവൾ പറഞ്ഞു നിർത്തി.
ആ വാക്കുകൾ എന്റെ ഉള്ളിൽ ഒരു ചെറിയ തരംഗം തന്നെ ഉണ്ടാക്കി. അവളുടെ പ്രായത്തിൽ, എന്തിന് എന്റെ മുപ്പതുകളിൽ പോലും, ആരോടെങ്കിലും ഇത്രയും വ്യക്തമായി ഒരു 'പറ്റില്ല' എന്ന് പറയാൻ എനിക്ക് കഴിയുമായിരുന്നോ? അതും ആ ബന്ധത്തിൽ ഒരു അകൽച്ചയും ഉണ്ടാക്കാതെ! എന്റെ മനസ്സ് പതിയെ പഴയൊരു കാലത്തിലേക്ക് സഞ്ചരിച്ചു.
ചെറുപ്പം മുതലേ വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ട, വളരെ ശാന്തസ്വഭാവമുള്ള ഒരു നല്ല കുട്ടിയായിരുന്നു എന്റെ ചേച്ചി. നന്നായി പഠിക്കുന്ന, എല്ലാ കാര്യങ്ങളിലും നല്ല അടുക്കും ചിട്ടയുമുള്ള കുട്ടി. അതുകൊണ്ടുതന്നെ "ചേച്ചിയെ കണ്ടുപഠിക്ക്" എന്ന് പലരും എപ്പോഴും എന്റെ അടുത്ത് പറയുമായിരുന്നു. ഒരു റോൾ മോഡലായി മറ്റുള്ളവർ ചേച്ചിയെ എടുത്തു കാട്ടുമ്പോൾ, അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുമായിരുന്നു. ഞാനാകട്ടെ, അല്പം കുറുമ്പും വികൃതിയുമൊക്കെ നിറഞ്ഞ കൂട്ടത്തിലും.
ചേച്ചി എപ്പോഴും എല്ലാവരുടെയും പ്രിയപ്പെട്ടവളായി തിളങ്ങി നിന്നപ്പോൾ, എനിക്കും മാതാപിതാക്കളുടെയും മുതിർന്നവരുടെയും വലിയ സന്തോഷമാകണമെന്ന് തോന്നി. അവരുടെ പ്രീതി പിടിച്ചുപറ്റാൻ ഒരു 'നല്ല കുട്ടി'യാകുക എന്നത് എന്റെയൊരു ആവശ്യമായി മാറി. അങ്ങനെ, ഉള്ളിലെ കുറുമ്പുകാരിയെ ഒളിപ്പിച്ചു വെച്ച്, എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആ നല്ല കുട്ടിയുടെ വേഷം അണിഞ്ഞു തുടങ്ങി.
മുതിർന്നവരുടെ അംഗീകാരത്തിനും സ്നേഹത്തിനും വേണ്ടി പ്രായത്തിൽ കവിഞ്ഞൊരു പക്വത എപ്പോഴും കാണിക്കാൻ ഞാൻ ശ്രമിച്ചു. 'എന്തൊരു പക്വതയുള്ള കുട്ടിയാണ്' എന്ന് മറ്റുള്ളവർ പറയുമ്പോൾ ഞാനത് ഒരുപാട് ആസ്വദിച്ചിരുന്നു. പക്ഷേ, ആ അഭിനന്ദനങ്ങൾക്ക് പിന്നാലെ പോയപ്പോൾ എന്റെ ഉള്ളിലെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെയും കുറുമ്പുകളെയും എനിക്ക് ഉള്ളിൽത്തന്നെ അടിച്ചമർത്തേണ്ടി വന്നു.
പഠനത്തിലും പെരുമാറ്റത്തിലും ഞാൻ എപ്പോഴും ഒന്നാമതാകാൻ ശ്രമിച്ചതും എന്റെ അമ്മയുടെ മുഖത്ത് ആ അഭിമാനപ്പൊലിമ കാണാൻ വേണ്ടി മാത്രമായിരുന്നു. പക്ഷേ, മറ്റുള്ളവരെ എപ്പോഴും സന്തോഷിപ്പിക്കാനുള്ള ആ ശ്രമം പിന്നീട് എന്റെ ജീവിതത്തിന്റെ ഒരു ശീലമായി മാറി. വളർന്നപ്പോൾ ഞാനൊരു 'പീപ്പിൾ പ്ലീസർ' (People Pleaser) ആയി മാറിക്കഴിഞ്ഞിരുന്നു.
ആരെങ്കിലും എന്നെ തെറ്റിദ്ധരിക്കുമോ എന്ന ഭയത്താൽ എല്ലാ കാര്യങ്ങളും അനാവശ്യമായി വിശദീകരിക്കുന്ന ഒരാളായി ഞാൻ മാറി. എവിടെയെങ്കിലും ഒരു ചെറിയ അസ്വാരസ്യം ഉണ്ടായാൽ, അതിന് കാരണം ഞാനാണോ എന്ന് ചിന്തിച്ചു കൂട്ടും. എന്റെ മനസ്സ് എപ്പോഴും മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകി. 'നോ' എന്ന് പറയേണ്ടി വരുന്ന സാഹചര്യങ്ങൾ എന്നെ ഭയപ്പെടുത്തി. അവരെന്നെ ഒറ്റപ്പെടുത്തുമോ എന്ന ചിന്ത പലപ്പോഴും എന്നെ ശ്വാസം മുട്ടിച്ചു.
നന്മ ചെയ്യുന്നതും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ ഒരുപാട് സമയമെടുത്തു. യഥാർത്ഥ കാരുണ്യവും സ്നേഹവും നമ്മുടെ മനസ്സിന് സമാധാനമാണ് തരേണ്ടത്. എന്നാൽ, കേവലം മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെക്കുമ്പോൾ നമ്മൾ ഉള്ളിൽ നിന്നും ശൂന്യരാവുകയും ഒടുവിൽ വല്ലാതെ തളർന്നുപോവുകയും ചെയ്യും.
"അമ്മ എന്താണ് ഇത്ര ആലോചിക്കുന്നത്?"
മകൾ എന്റെ അരികിലേക്ക് വന്നിരുന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു: "മോളേ, കൂട്ടുകാരിയോട് ഇപ്പോൾ വരാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ നിനക്ക് വിഷമം തോന്നിയില്ലേ? അവൾക്ക് സങ്കടമാകുമെന്ന് കരുതിയില്ലേ?"
അവൾ എന്റെ കൈകൾ പിടിച്ചുകൊണ്ട് ചിരിച്ചു: "എന്തിന് അമ്മേ? ഞാൻ അവളോട് ദേഷ്യപ്പെട്ടതല്ലല്ലോ. എന്റെ കാര്യം പറഞ്ഞ്, ബഹുമാനത്തോടെ തന്നെയല്ലേ മറുപടി നൽകിയത്? നമ്മളെ ശരിക്കും സ്നേഹിക്കുന്നവർ നമ്മുടെ ആവശ്യങ്ങളെയും ബഹുമാനിക്കില്ലേ?"
ഒരു വലിയ സത്യം എത്ര ലളിതമായാണ് അവൾ പറഞ്ഞു തീർത്തത്! അവളുടെ ആ വാക്കുകൾ, എപ്പോഴും മറ്റുള്ളവരുടെ കൈയടിക്ക് വേണ്ടി കൊതിച്ചിരുന്ന എന്റെ ഉള്ളിലെ ആ പഴയ കുഞ്ഞു പെൺകുട്ടിയെ കെട്ടിപ്പിടിച്ചു തലോടുന്നത് പോലെ എനിക്ക് തോന്നി.
സത്യത്തിൽ എന്റെ മകളിൽ ഇന്ന് ഞാൻ കാണുന്ന ഈ വ്യക്തതയ്ക്ക് പിന്നിൽ ഞാൻ ബോധപൂർവ്വം എടുത്ത ചില തീരുമാനങ്ങളുണ്ട്. കുഞ്ഞുനാളിൽ ഞാനറിയാതെ എന്നെ വിഴുങ്ങിയ അത്തരം മാനസിക സമ്മർദ്ദങ്ങളിലോ, ചിന്തകളുടെ ഇരുണ്ട വട്ടക്കണ്ണികളിലോ എന്റെ മകൾ വീണുപോകരുത് എന്ന് അവൾ കുഞ്ഞായിരുന്നപ്പോൾ മുതൽക്കേ എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയുന്ന രീതിയിലാണ് (Emotionally Intelligent) അവളെ ഞാൻ വളർത്തിയത്.
ജീവിതത്തിൽ മാനസികാരോഗ്യത്തിന് ഞാൻ അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട്. എന്റെ കുഞ്ഞ് ഇന്ന് ശരിയായ പാതയിലാണ് വളരുന്നതെന്നും, എന്നെപ്പോലെ കഠിനമായൊരു തിരുത്തൽ കാലത്തിലൂടെ അവൾക്ക് കടന്നുപോകേണ്ടി വരില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ ഉള്ളം നിറയെ ആശ്വാസമാണ്. ആ ചിന്ത തരുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്.
പതിനഞ്ചാം വയസ്സിൽ എന്റെ മകൾ തിരിച്ചറിഞ്ഞ അവളുടെ ആത്മാഭിമാനത്തിന്റെ അതിരുകൾ കണ്ടെത്താൻ എനിക്ക് എന്റെ മുപ്പതുകൾ വരെ കാത്തിരിക്കേണ്ടി വന്നു. എങ്കിലും, വൈകിയാണെങ്കിലും ആ അതിരുകൾ വരയ്ക്കാൻ, മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ 'പറ്റില്ല' എന്ന് ഉറപ്പിച്ചു പറയാൻ ഞാനും പഠിക്കുകയാണ്.
ഓരോ കുട്ടിയും വളരേണ്ടത് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല, മറിച്ച് സ്വന്തം വ്യക്തിത്വത്തിന്റെ പൂർണ്ണതയിലാണ്. അവരുടെ ഉള്ളിലെ വെളിച്ചം അവർക്കായി തന്നെ തിളങ്ങട്ടെ.
Nidhiya's Amma._
Comments
Post a Comment