മണ്ണും മനസ്സും മാറുന്ന പ്രകൃതി: ഒരു കാലാവസ്ഥാ ചിന്ത!
നമ്മുടെ നാടിന്റെ ഭംഗി പ്രകൃതിയുടെ താളത്തിലായിരുന്നു. സമയത്തിന് പെയ്യുന്ന മൺസൂണും, ആ സമയത്ത് പൂക്കുന്ന പൂക്കളും, ആറ്റിലും തോട്ടിലും ഒഴുകിനടന്ന കുളിർമയുള്ള വെള്ളവും. എന്നാൽ ഇന്ന് നമ്മുടെ ചുറ്റുമുള്ള കാഴ്ചകളിലേക്ക് ഒന്നു കണ്ണോടിച്ചാൽ, ശാസ്ത്ര പുസ്തകങ്ങൾ തുറക്കാതെ തന്നെ പ്രകൃതിക്ക് എന്തോ വലിയൊരു അപചയം സംഭവിച്ചിട്ടുണ്ടെന്ന് ആർക്കും മനസ്സിലാകും. ശാസ്ത്രീയമായ കണക്കുകൾക്കപ്പുറം നമ്മുടെ നിത്യജീവിതത്തിൽ സംഭവിക്കുന്ന ഈ വലിയ മാറ്റങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
നമ്മുടെ ഗ്രാമങ്ങളിൽ മുൻപൊന്നും കാണാത്ത കാഴ്ചയാണ് ഇന്ന് മയിലുകളുടെ സാന്നിധ്യം. തമിഴ്‌നാട്ടിലെയും രാജസ്ഥാനിലെയും വരണ്ട എരിഡ് (Arid) പ്രദേശങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന മയിലുകൾ ഇന്ന് നമ്മുടെ വീട്ടുപറമ്പുകളിലും തെങ്ങുകളിലും സാധാരണയായി മാറിയിരിക്കുന്നു. ഇത് വെറുമൊരു ഭംഗിയുള്ള കാഴ്ചയല്ല, മറിച്ച് കേരളത്തിലെ അന്തരീക്ഷം അതിവേഗം വരണ്ടുണങ്ങുന്നു (Aridification) എന്നതിന്റെ വ്യക്തമായ ശാസ്ത്രീയ സൂചനയാണ്. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ജീവികൾ തങ്ങളുടെ വാസസ്ഥലം തെക്കോട്ട് മാറ്റുകയാണ് (Range Shift). അതുപോലെ തന്നെയാണ് മേടമാസത്തിലെ വിഷുവിന് പൂക്കേണ്ട കണിക്കൊന്നകൾ ജനുവരിയിലും ഫെബ്രുവരിയിലും പൂത്തുലയുന്നത്. പൂവിടാൻ ആവശ്യമായ താപനിലയും (Temperature threshold) വെളിച്ചവും മുൻപേ ലഭിക്കുമ്പോൾ, താപനിലയിലെ അതികഠിനമായ ഉയർച്ച (Thermal Stress) കാരണം സസ്യങ്ങളുടെ സ്വാഭാവിക ജൈവഘടികാരം (Phenological Clock) തെറ്റുന്നു. വസന്തകാലം എത്തിയെന്ന് തെറ്റിദ്ധരിച്ച് അവ നേരത്തെ പൂവിടുന്നു.
ആഗോളതലത്തിൽ നോക്കുമ്പോൾ ഭൂമിയിലെ ചൂട് കൂടിയ പ്രദേശങ്ങൾ വീണ്ടും ചൂടുകൂടുകയും, തണുപ്പുള്ള സ്ഥലങ്ങൾ അപ്രതീക്ഷിതമായി തണുക്കുകയും അല്ലെങ്കിൽ അസ്ഥിരമാവുകയും ചെയ്യുന്ന പ്രതിഭാസമാണ് കാണുന്നത്.
എൽ നിനോ (El Niño)
ഈ കാലാവസ്ഥാ അട്ടിമറികൾക്ക് പിന്നിലെ പ്രധാനപ്പെട്ട ഒരു ആഗോള പ്രതിഭാസമാണ് എൽ നിനോ. പസഫിക് സമുദ്രത്തിലെ ഉപരിതല ജലം സാധാരണയേക്കാൾ കൂടുതൽ ചൂടാകുന്ന അവസ്ഥയാണിത്. പസഫിക്കിലെ വെള്ളം ചൂടാകുമ്പോൾ അത് ഭൂമിയിലെ ആഗോള വായുസഞ്ചാരത്തെയും മഴയുടെ രീതികളെയും അട്ടിമറിക്കുന്നു. എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിൽ കഠിനമായ വരൾച്ചയും ഉഷ്ണതരംഗവും (Heatwaves) ഉണ്ടാകുമ്പോൾ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ തീവ്രമഴ ഉണ്ടാകുന്നു.
അന്തരീക്ഷത്തിൽ താപനില ഓരോ 1°C ഉയരുമ്പോഴും, വായുവിന് 7% കൂടുതൽ ഈർപ്പം (Moisture) സംഭരിച്ചുവെക്കാനുള്ള ശേഷി ലഭിക്കുന്നു. ഇങ്ങനെ അമിതമായി സംഭരിക്കപ്പെടുന്ന ജലബാഷ്പമാണ് അടുത്തിടെ നേപ്പാളിൽ കണ്ടതുപോലെയുള്ള വിനാശകരമായ മേഘവിസ്ഫോടനങ്ങൾക്കും (Cloudbursts), മലവെള്ളപ്പാച്ചിലിനും, അതിദാരുണമായ വെള്ളപ്പൊക്കത്തിനും കാരണമായത്. ഹിമാലയൻ മേഖലയിലെ മഞ്ഞുരുകൽ കൂടി ഇതിനൊപ്പം ചേരുമ്പോൾ അപകടസാധ്യത ഇരട്ടിയാകുന്നു.
ധ്രുവങ്ങളിലെ മഞ്ഞുരുകലും സമുദ്രജലത്തിന്റെ ചൂടുപിടിച്ചുള്ള വികാസവും (Thermal Expansion) കാരണം ആഗോളതലത്തിൽ കടൽനിരപ്പ് ഉയരുകയാണ്. ഇത് ഫോർട്ട് കൊച്ചി, ചെല്ലാനം, മട്ടാഞ്ചേരി തുടങ്ങിയ താഴ്ന്ന തീരദേശ മേഖലകൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഉയർന്ന വേലിയേറ്റ സമയങ്ങളിൽ ചരിത്രപ്രസിദ്ധമായ ഫോർട്ട് കൊച്ചി നഗരത്തിലേക്കും തീരങ്ങളിലേക്കും കടൽവെള്ളം കയറാനും, കടലാക്രമണത്തിൽ തീരങ്ങൾ ഇടിഞ്ഞു താഴാനും സാധ്യതയേറെയാണ്. അതിനേക്കാൾ ഭീകരമായ കാര്യം, ഉപ്പുവെള്ളം നമ്മുടെ ശുദ്ധജല കായലുകളിലേക്കും കിണറുകളിലേക്കും അടിച്ചുകയറി കുടിവെള്ള ലഭ്യത പൂർണ്ണമായും മുടങ്ങും എന്നതാണ്.
മലിനീകരണവും മാലിന്യ സംസ്കരണവും (Pollution and Waste Management)
നമ്മൾ അശാസ്ത്രീയമായി തള്ളുന്ന മാലിന്യങ്ങളാണ് ഈ അന്തരീക്ഷ താപനത്തിന് ആക്കം കൂട്ടുന്നത്. ഇതിൽ പ്രധാനിയാണ് പ്ലാസ്റ്റിക്. നമ്മൾ വഴിയിലോ കാനകളിലോ തള്ളുന്ന പ്ലാസ്റ്റിക്കുകൾ ഒടുവിൽ ലാൻഡ്‌ഫില്ലുകളിൽ (Landfills) കുന്നുകൂടുന്നു. ഇത്തരത്തിൽ മാലിന്യങ്ങൾ അഴുകുമ്പോൾ ഓക്സിജന്റെ അഭാവത്തിൽ വിഘടനം നടക്കുകയും മെഥെയ്ൻ (Methane) എന്ന വാതകം രൂപപ്പെടുകയും ചെയ്യുന്നു. കാർബൺ ഡയോക്സൈഡിനേക്കാൾ 28 മടങ്ങിലധികം ചൂട് അന്തരീക്ഷത്തിൽ പിടിച്ചുനിർത്താൻ ശേഷിയുള്ള അപകടകാരിയായ ഗ്രീൻഹൗസ് വാതകമാണിത്.
കാലക്രമേണ ഈ പ്ലാസ്റ്റിക്കുകൾ പൊടിഞ്ഞ് മൈക്രോപ്ലാസ്റ്റിക്കുകളായി (Microplastics) മാറി നമ്മുടെ മണ്ണിലും കുടിവെള്ളത്തിലും കലരുന്നു. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ബിസ്ഫെനോൾ-എ (BPA), ഡയോക്സിൻ തുടങ്ങിയ രാസവസ്തുക്കൾ ശരീരത്തിലെത്തുമ്പോൾ ക്യാൻസർ, ഹോർമോൺ തരാറുകൾ, വന്ധ്യത, കുടൽ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. പഴയ മൊബൈൽ ഫോണുകളും ബാറ്ററികളും അടങ്ങുന്ന ഇ-വേസ്റ്റുകൾ (E-Waste) അശാസ്ത്രീയമായി തള്ളുമ്പോൾ അതിലെ ലെഡ്, മെർക്കുറി, കാഡ്മിയം എന്നിവ മണ്ണിലിറങ്ങി നാഡീവ്യവസ്ഥയെയും വൃക്കകളെയും തകരാറിലാക്കുന്നു. ജൈവമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ കെട്ടിക്കിടക്കുമ്പോഴും മെഥെയ്ൻ വാതകവും രോഗാണുക്കളും ഉണ്ടാകുന്നു.
വനവൽക്കരണവും പരിഹാര മാർഗ്ഗങ്ങളും (Afforestation & Solutions)
മാലിന്യ സംസ്കരണത്തോടൊപ്പം തന്നെ നമ്മൾ അടിയന്തരമായി ചെയ്യേണ്ട ഒന്നാണ് വനവൽക്കരണം (Afforestation). മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്യാനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത മാർഗ്ഗമാണ് (Carbon Sink). മരങ്ങൾ അന്തരീക്ഷ താപനില കുറയ്ക്കുകയും, മണ്ണൊലിപ്പ് തടയുകയും, ഭൂഗർഭജലനിരപ്പ് ഉയർത്തുകയും ചെയ്യുന്നു. വനനശീകരണം തടഞ്ഞ് കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് പ്രാദേശിക കാലാവസ്ഥയെ ക്രമപ്പെടുത്താൻ സഹായിക്കും.
കേന്ദ്രസർക്കാരിന്റെ 'LiFE' (Lifestyle for Environment) ദൗത്യം മുന്നോട്ടുവെക്കുന്നതും ഇത്തരമൊരു സുസ്ഥിര ജീവിതശൈലിയാണ്. മാറ്റങ്ങൾ നമ്മുടെ വീടുകളിൽ നിന്ന് തുടങ്ങണം:
ഉറവിട മാലിന്യ സംസ്കരണം: ജൈവമാലിന്യം, പ്ലാസ്റ്റിക്, ഇ-വേസ്റ്റ് എന്നിവ വീടുകളിൽ തന്നെ വേർതിരിച്ച് സൂക്ഷിക്കുക. ജൈവമാലിന്യങ്ങൾ വീട്ടുവളപ്പിൽ തന്നെ കമ്പോസ്റ്റ് ചെയ്ത് വളമാക്കുക.
4Rs തത്വം: Reduce (ഉപയോഗം കുറയ്ക്കുക), Reuse (പുനരുപയോഗിക്കുക), Refuse (ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളോട് നൊ പറയുക), Recycle (റീസൈക്കിൾ ചെയ്യാനായി ഹരിതകർമ്മ സേനയ്ക്ക് നൽകുക).
പരിസ്ഥിതി സൗഹൃദ പ്രതിരോധം: നഗരപ്രദേശങ്ങളിലും വീട്ടുപറമ്പുകളിലും കൂടുതൽ മരങ്ങൾ നട്ടുവളർത്തുക, ഊർജ്ജവും വെള്ളവും അനാവശ്യമായി പാഴാക്കാതിരിക്കുക.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ വലിയ തത്വശാസ്ത്രങ്ങൾ ആവശ്യമില്ല; ഒരു തൈ നടുന്നതിലൂടെയും, ഒരു പ്ലാസ്റ്റിക് കവർ വലിച്ചെറിയാതിരിക്കുന്നതിലൂടെയും നമുക്ക് ഈ മാറ്റത്തിന് തുടക്കമിടാം.കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുന്ന ഒരു ശാപമല്ല, അത് ഇന്ന് നമ്മൾ ജീവിക്കുന്ന യാഥാർത്ഥ്യമാണ്. നിയമങ്ങൾ കൊണ്ട് മാത്രം പരിസ്ഥിതിയെ സംരക്ഷിക്കാനാകില്ല, ഒരോ പൗരന്റെയും മനോഭാവത്തിൽ മാറ്റം വരണം.നമ്മൾ പ്രകൃതിക്ക് നൽകുന്നത് എന്താണോ, അത് തന്നെയാണ് പ്രകൃതി നമുക്കും തിരിച്ചുമടക്കി തരുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനോഭാവത്തിൽ നിന്ന് മാറി അതിനെ സംരക്ഷിക്കുന്ന പൗരന്മാരായി മാറാൻ നമുക്ക് സാധിക്കണം. നാളത്തെ തലമുറയ്ക്കായി നല്ലൊരു നാളെ പണിതുയർത്താൻ നമുക്ക് ഒന്നിച്ചുനിൽക്കാം.
Comments
Post a Comment